ധ്യാനം



                                          

ഓം കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേട കപാല ദാരുകശിരാകൃത്വാ
കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം
മുണ്ഠസ്രജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദി വിപദാം സംഹാരിണീം
ഈശ്വരീം
(കാര്‍മേഘതുല്യമായനിറത്തോടും,ത്രിനേത്രങ്ങളോടും,വാള്‍,പരിച,കപാലം,ദാരുകശിരസ് മുതലായവവഹിച്ചകൈകളോടുംഭൂതപ്രേതപിശാചപരിവാരങ്ങളോടുകൂടിയവളായും തലയോട്ടികളാലുള്ളമാലയാല്‍അലങ്കരിക്കപ്പെട്ടുംസപ്തമാതൃസമേതയായും വേതാളകണ്ഠസ്ഥിതയായുംദുഷ്ടമസൂരികാദിവിപത്തുകളെഇല്ലാതാക്കുന്നവളുമായ  സര്‍വ്വേശ്വരിയെ ഞാന്‍ വന്ദിക്കുന്നു.)
ശ്രീവാഗീശ മുഖാമരേന്ദ്ര നമിത
ശ്രീപാദപങ്കേരുഹാം
ശ്രീശൂലാദിവരായുധാഭിലസീത
ശ്രീബാഹുദണ്ഡോല്‍ക്കടാം
ശ്രീകണ്ഠാക്ഷിസമുല്‍ഭവാം
രിപുഭയപ്രക്ഷോഭീണീ ഭൈരവീ
ശ്രീമല്‍ നല്ലൂര്‍സ്ഥാനമണ്ഠിത പദാം
ശ്രീഭദ്രകാളീം ഭജേ
(ബ്രഹ്മാദി ദേവഗണങ്ങളാല്‍  നമിക്കപ്പെട്ട  പാദപദ്മങ്ങളോടും  ശൂലാദികളായ  ആയുധങ്ങളാല്‍ ശോഭിക്കുന്ന തൃക്കൈകളോടും ശത്രുഭയത്തെ ഇല്ലാതാക്കുവാന്‍ ശിവന്റെ തൃക്കണ്ണില്‍  നിന്നും  ഉത്ഭവിച്ച  ഭൈരവസ്വരൂപിണിയായി  ഭദ്രകാളിയായി  നല്ലൂര്‍സ്ഥാനത്ത് പ്രശോഭിക്കുന്ന  മഹാമായയെ  ഞാന്‍  ഭജിക്കുന്നു.)

 
       വല്ലഭമായ് നല്ലൂര്‍സ്ഥാനത്തില്‍
വല്ലഭമായ് നല്ലൂര്‍സ്ഥാനത്തില്‍ അമര്‍ന്ന മായേ
അല്ലല്‍ തീര്‍ത്തുരക്ഷ ചെയ്യണം
എന്റെ അല്ലല്‍ തീര്‍ത്തുരക്ഷ ചെയ്യണം
                          വല്ലഭിയാകുന്ന തവ വല്ലഭമോര്‍ത്തടിയങ്ങള്‍
                       തെല്ലുപോലും മനക്കാമ്പില്‍
                       അല്ലലെന്ന്യേ വസിക്കുന്നു
കന്യകാ രത്നങ്ങള്‍ തന്നുടെ നാഥയായ് മേവും
കന്യകേ കാരുണ്യവാരിധേ
ഉത്തമേ നിന്‍തിരുനാമം ഭക്തിയായ് ഭജിപ്പോര്‍ക്കുള്ള-
അത്തല്‍ തീര്‍ത്തു മുക്തിയേകും ഭദ്രയാം ശ്രീ ഭദ്രകാളി
                മന്നിടത്തില്‍ അടിയന്റെ ഖിന്നതകള്‍ പോക്കുവാനായ്
             നന്‍മയാര്‍ന്ന തവ പാദേ നന്ദിയോടെ വണങ്ങുന്നേന്‍
             നിത്യവുമെന്‍ ഹൃത്തടം തന്നില്‍ വിളയാടീടേണം
              വിഭ്രമനാശിനീ നായികേ....
                                                                    
 അമ്മേ ഭഗവതി


അമ്മേ ഭഗവതി നിത്യകന്യേ ദേവീ-എന്മേല്‍ കടാക്ഷിക്ക കുമ്പിടുന്നേന്‍,
മായേ ജഗത്തിന്റെ തായെ ചിദാനന്ദ-രൂപേ മഹേശ്വരി കുമ്പിടുന്നേന്‍
ബാലേ ചതുര്‍വേദമൂലമന്ത്രാക്ഷരി-മേലേ മേലെ നിന്നെ കുമ്പിടുന്നേന്‍.
ഓങ്കാരക്കൂട്ടിലെ പൈങ്കിളിപ്പൈതലേ-നിന്‍കാല്‍ക്കല്‍ ഞാനിതാ കുമ്പിടുന്നേന്‍
നാന്മുഖന്‍ തന്‍മുഖപങ്കജ വാസിനീ-നാന്മറക്കാതലേ കുമ്പിടുന്നേന്‍
നാനാനിഗമോദ്യാനത്തില്‍മദിച്ചിട്ടു-ഗാനം മുഴക്കുന്ന കോകിലമേ!
ഭാര്‍ഗ്ഗവിയായതും പാര്‍വ്വതിയായതും-ദുര്‍ഗ്ഗാഭഗവതി നീതാനല്ലോ.
മൂര്‍ത്തികള്‍ മൂവരും ദേവതാസംഘവും-കാത്യായനി ശക്തി 
നീ താനല്ലോ
ഛായാസ്വരൂപിണി ചൈതന്യകാരിണി-മായാമയേ ദേവീ കുമ്പിടുന്നേന്‍.
ലോകം ചമയ്ക്കയും രക്ഷിച്ചഴിക്കയും- ലോകേശ്വരീ, നിന്റെ ലീലയല്ലോ,
ബാലേ മനോന്മനി പൊന്നമ്മേ, നിന്നുടെ-ലീലയില്‍ ഞാനുമണുവു തന്നെ.
താനൊന്നും ചെയ്യാതെസര്‍വ്വം ചെയ്തീടുന്ന-ദീനദയാലോ തൊഴുന്നേന്‍
                                                                    നിന്നെ.
ബ്രഹ്മാണ്ഡകോടികളെ സ്രവിച്ചീടുന്ന-ബ്രഹ്മസ്വരൂപിണി കൈതൊഴുന്നേന്‍
ലൂതംകണക്കേ ഭുവനം ചമയ്ക്കുന്ന-മാതാവേ നിന്‍പദം കുമ്പിടുന്നേന്‍
കാളീകരാളി മഹിഷവിനാശിനി-നാളികലോചനേ കുമ്പിടുന്നേന്‍
കൗമാരി സങ്കടനാശിനി ഭാസ്കരി-ഭീമാത് മജേ നിന്നെ കുമ്പിടുന്നേന്‍.
ആപത്തു നീക്കി തുണചെയ്കന്നംബികേ-നിപത്തീം സമ്പത്തും നല്‍കീടേണം
(നിപത്തി=ഐശ്വര്യം)

ഓം ഭദ്രകാളീ ശ്രീ ഭദ്രകാളീ

ഓം ഭദ്രകാളീ ശ്രീ ഭദ്രകാളീ ,ഓം ഭുതനാഥേശ്വരീ
ഓം ഭദ്രകാളീ ഓം മഹാമായേ ,ഓം രാജരാജേശ്വരീ
ഓം രാജരാജേശ്വരീ
തിരുനല്ലൂര്‍സ്ഥാനത്തു വിളങ്ങും ശ്രീദേവീ
ഭദ്രേ മഹാമായേ തമ്പുരാട്ടീ
പരിപാവനരൂപേ നിന്‍പരിശോഭിത പാദത്തില്‍
അനവരതം അടിയങ്ങള്‍ കുമ്പിടുന്നേന്‍

കരിവണ്ടൊളി ചിതറും കുളിര്‍ കുനുകുന്തളവും മിന്നി
കരിമഷി എഴുതും കണ്ണില്‍ കനലൊളി ചിന്നി
ഒളിവീശും കവിളുകളില്‍ ക്രൗര്യത്തിന്‍ കടപൊട്ടി
കലിതുള്ളും ചോരക്കനല്‍ നാവുനീട്ടി

പാപത്തിന്‍ തലവെട്ടി ചോരമലര്‍ പൂചൂടി
തൃക്കയ്യില്‍ നാന്ദുകമാം തിരു വാളേന്തി
തലയോട്ടിന്‍ മാലകളാം തിരുവാഭരണം ചാര്‍ത്തി
താണ്ഡവനൃത്തം തുളളും തമ്പുരാട്ടീ
ഓം ഭദ്രകാളീ ശ്രീ ഭദ്രകാളീ
ദുഷ്ടതയാല്‍ ജനതതിയെ കഷ്ടപ്പെടുത്തിയ
ദുഷ്ടന്‍ മഹാഖലന്‍ ദാരുകനെ
ശിഷ്ടതയോടവിടുത്തെ തൃക്കരവളാല്‍ വെട്ടി
പോര്‍ക്കലി കൊണ്ടുറയും ശ്രീ ഭദ്രകാളീ

കാളിമ കാളും കൊടും കാളകൂടത്തിനാല്‍
വാര്‍മഴവില്ലൊത്ത പൂമെയ് മറച്ചും
വാള്‍വട്ടക ശൂല കപാല വിലാസയായ്
വാനില്‍ വിളങ്ങും ശ്രീ വിശ്വരൂപീ
           ..................ഓം ഭദ്രകാളീ ശ്രീ ഭദ്രകാളീ
കലികാലത്തവിടുത്തെ കലിനാശനരൂപങ്ങള്‍
കലിതാഭം കാണ്മതിനായ് ഞങ്ങള്‍
കണ്ണീരിന്‍ മാലകളും കൂപ്പു കൈപ്പൂക്കളുമായ്
അമ്മേ നിന്‍ കാല്‍ക്കലിതാ കുമ്പിടുന്നേന്‍
         ...................ഓം ഭദ്രകാളീ ശ്രീ ഭദ്രകാളീ 


അംബാ സ്തവം
ഘനസംഘമിടയുന്ന തനുകാന്തി തൊഴുന്നേന്‍
അണിതിങ്കള്‍ക്കല ചൂടും പുരിജട തൊഴുന്നേന്‍
ദുഷ്ടരാകുമസുരരെ ദഹിക്കും തീ ജ്വലിക്കും
പടുകണ്മിഴി മൂന്നും നിടിലവും തൊഴുന്നേന്‍
വിലസുമാ കുനുചില്ലിയുഗളം കൈതൊഴുന്നന്‍
മുഗ്ദ്ധമായി കനിവോടെ മറഞ്ഞുവന്നനിശം
ഭക്തരില്‍ പതിക്കുന്ന കടക്കണ്ണു തൊഴുന്നേന്‍
തിലസുമരുചി വെന്ന തിരുനാസാ തൊഴുന്നേന്‍
ചെന്തൊണ്ടിപ്പഴം വെന്നോരധരം കൈതൊഴുന്നേന്‍
കുന്ദകന്ദളത്തെ വെന്ന രദനങ്ങള്‍ തൊഴുന്നേന്‍
ചന്ദ്രികാരുചിയെ വെന്ന ഹസിതം കൈതൊഴുന്നേന്‍
ചന്തമോടണിനാവുമിതാ ഞാന്‍ കൈതൊഴുന്നേന്‍
ഇടിനാദമുടന്‍ വന്നങ്ങടിയിണ പണിയും
കഠിനമോടെഴുന്ന ഹുംകൃതിനാദം തൊഴുന്നേന്‍
മിന്നലോടിടയുന്നോ രെകിറ കൈതൊഴുന്നേന്‍
പന്നഗ രചിതം കുണ്ഡലം രണ്ടും തൊഴുന്നേന്‍
കണ്ണാടി വടിവൊത്ത കവിളിണ തൊഴുന്നേന്‍
പൂര്‍ണ്ണചന്ദ്രനെ വെന്ന തിരുമുഖം തൊഴുന്നേന്‍
കംബൂ തന്നണി ഭംഗി കവര്‍ന്നുകൊണ്ടെഴുന്നാ
കമ്രമാകിന കണ്ഠം കുരലാരം തൊഴുന്നേന്‍
അസുരന്മാര്‍ ശിരോമാലാ രചിതമുത്തരീയം
രുധിരമോടണിഞ്ഞ നിന്‍ തിരുവുടല്‍ തൊഴുന്നേന്‍
ഫണി വാള്‍ വട്ടക,ശൂലം,പരിചയും,തലയും
മണി ഖട്വാംഗവുമേന്തും കരമെട്ടും തൊഴുന്നേന്‍
പാരിടമഖിലവും ജ്വലിച്ചങ്ങു ലസിക്കുന്ന
മാറിടമതില്‍ രമ്യം മണിമാല തൊഴുന്നേന്‍
ചന്ദനം വളര്‍പാമ്പുമണിഞ്ഞു കൊണ്ടെഴുന്ന
ചന്ദനമലയെ വെന്ന തിരുമുല തൊഴുന്നേന്‍
അവധി മൂന്നുലകിന്നും വിഭജിച്ചു തിളങ്ങും
ത്രിവലിശോഭിത മായൊരുദരം കൈതൊഴുന്നേന്‍
ചുവന്നപട്ടുടയാട നിതംബം തൈതൊഴുന്നേന്‍
'ശൂല്‍ക്കാര' മുയര്‍ന്ന പാമ്പുടഞാണ്‍ കൈതൊഴുന്നേന്‍
കരഭവും മണിത്തുണും കദളിയും തൊഴുന്ന
ഊരുഭംഗിയാര്‍ന്ന നിന്റെ തിരുതുട തൊഴുന്നേന്‍
സേവിപ്പോര്‍ക്കഭീഷ്ടാര്‍ത്ഥം കൊടുപ്പാനായ് നിറച്ചു
മേവുന്ന മണിച്ചെപ്പാം മുഴങ്കാല്‍ കൈതൊഴുന്നേന്‍
അംഗജനിഷംഗം കൈതകമിവ തൊഴുന്ന
ഭംഗിയിലുരുണ്ട നിന്‍ കണങ്കാല്‍ കൈതൊഴുന്നേന്‍
സുരവൃന്ദകിരീടാളി മണിനീരാജിതമായൊ-
രരവിന്ദരുചിവെന്ന അടിയിണ തൊഴുന്നേന്‍
കടകം,തോള്‍വള,കാഞ്ചി ചിലമ്പേവം തുടങ്ങി
ഉടലിലങ്ങണിഞ്ഞ ആഭരണങ്ങള്‍ തൊഴുന്നേന്‍
ഇക്കണ്ട ഭുവനം കാത്തെഴും നാഥേ! തൊഴുന്നേന്‍
ചൊല്‍ക്കൊണ്ട തിരുനല്ലൂര്‍സ്ഥാനത്തമ്മേ! തൊഴുന്നേന്‍

അംബാസ്തവം -വാക്കുകളുടെ അര്‍ത്ഥം
ഘനസംഘം= മേഘക്കൂട്ടം, തനു =ശരീരം,പുരിജട= ചുരുണ്ട ജട,നിടിലം=നെറ്റി,
കുനുചില്ലിയുഗളം= രണ്ടു പുരികങ്ങള്‍,തിലസുമരുചി=എള്ളിന്‍പൂവിന്റെ ഭംഗി,
കുന്ദകന്ദളത്തെവെന്ന രദനങ്ങള്‍= മുല്ലമൊട്ടിനെ ജയിക്കുന്ന പല്ലുകള്‍,ചന്ദ്രികാരുചി= നിലാവിന്റെ ഭംഗി,ഹസിതം=ചിരി,ഹുംകൃതിനാദം=അട്ടഹാസം,എകിറ= എകിറ് (ദംഷ്ട്ര) ,കംബൂ=ശംഖ്,
കുരലാരം=മാറിലണിയുന്ന ആഭരണങ്ങള്‍,ത്രിവലി=മൂന്നു മടക്ക്,ഉടഞാണ്‍=അരഞ്ഞാണം,
കരഭവും മണിത്തൂണും കദളിയും=തുമ്പിക്കയ്യും രത്നസ്തംഭവും കദളി(വാഴ)യും- എല്ലാം തുടയുടെ ഉപമാനങ്ങള്‍.
അംഗജനിഷംഗം= കാമദേവന്റെ ആവനാഴി,കൈതകം=കൈതപ്പൂവ്,നീരാജിതം=ഉഴിയുന്ന

 
നല്ലുര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം

നന്മയോടു ശിവങ്കല്‍ നിന്നുളവാകിയോരുമഹേശ്വരീ
നായകീ ഉലകത്തിലൊക്കെ നിറഞ്ഞ വിശ്വഭരായണീ
നിന്മനസ്സുതെളിഞ്ഞടിയനു നന്മനല്കണമംബികേ
നന്മയോടു നല്ലുര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം
മല്‍സരാലതി ക്രുദ്ധരാലടിയത്തിനത്തലൊഴിക്കണേ
ശത്രുവംശമറുത്തടിയനു ചിത്തശുദ്ധിവരുത്തണേ
തത്വബോധമുദിക്കുവാന്‍ മമ ചിത്തതാരില്‍ വിളങ്ങണേ
നന്മയോടു നല്ലൂര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം
ശില്പമായുരഗങ്ങള്‍കൊണ്ടു ശിരസ്സിലൊക്കെ നിറച്ചുടന്‍
തൃക്കഴല്‍ക്കു ജഗത്തെയിട്ടു കരത്തില്‍ വട്ടക വാളുമായ്
ദുഷ്ടഭൂതഗണത്തെയൊക്കെയൊടുക്കിന്നൊരു ദുര്‍ഗ്ഗജേ
നന്മയോടു നല്ലൂര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം
വന്‍പെഴുന്ന വസൂരിയും പെരുതായൊരാറുമഹാജ്വരം
ഉമ്പര്‍കോനുടെ നെറ്റിലന്നിലണഞ്ഞവ്യാധികളൊന്നുമേ
എങ്കല്‍വന്നണയാതെ നിന്‍കൃപയെപ്പൊഴും ചൊരിയേണമേ
നന്മയോടു നല്ലൂര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം
അന്ത്യകാലമണഞ്ഞിടുമ്പൊഴുതന്തകന്‍ വരവോര്‍ത്തഹോ
വെന്തുവെന്തുരുകുന്നു മാനസമന്തകാന്തകനന്ദനേ
ശക്തിയാംപരമേശ്വരീ മമ സങ്കടങ്ങളൊഴിക്കണേ
നന്മയോടു നല്ലൂര്‍സ്ഥാനം വാഴുമീശ്വരി പാഹിമാം




 


No comments:

Post a Comment