Sunday 24 May 2015

പ്രതിഷ്ഠാദിനം(ഇടവമാസം മകംനാള്‍)-2015മെയ് 25,26

25-05-2015,തിങ്കള്‍
രാവിലെ....നവകം പൂജ,കലശാഭിഷേകം
              ഭൈരവമൂര്‍ത്തിയ്ക്ക്  ഗുരുതി,അന്നദാനം
വൈകിട്ട്....നിറമാലയും വിളക്കും
               നല്ലൂര്‍സ്ഥാനത്തമ്മയ്ക്ക്  വലിയഗുരുതി
26-05-2015,ചൊവ്വ
രാവിലെ....നക്ഷത്രകലശപൂജ,കലശാഭിഷേകം
                അന്നദാനം
വൈകിട്ട്....നിറമാലയും വിളക്കും,പുഷ്പാഭിഷേകം

നവകം പൂജ
പ്രതിഷ്ഠാസമയം മുതല്‍ മന്ത്രതന്ത്രാദി ക്രിയകളാല്‍ വര്‍ദ്ധിതമാകുന്ന മൂര്‍ത്തിചൈതന്യം ഭക്തജനങ്ങളുടെ പ്രാര്‍ത്ഥനകളെ സ്വീകരിച്ച് പ്രപഞ്ചത്തിലേക്ക് പ്രസരിക്കുന്നു. ഭക്തര്‍ക്ക് അഭീഷ്ടസിന്ധിയുണ്ടാകുമ്പാള്‍ അടങ്ങിപ്പോയ ദുരിതദോഷങ്ങളുടെ പ്രഭാവം മൂര്‍ത്തി ചൈതന്യത്തിലേക്ക് സമാരോപിക്കപ്പെടുന്നു.ഇവയും കര്‍മ്മലോപങ്ങളും,ദേവചൈതന്യത്തിന്റെ പ്രസരണ പരിധി പരിമിതപ്പെടുവാന്‍ ഹേതുവാകാം.ഇത്തരത്തില്‍ ഉണ്ടാകുന്ന ചൈതന്യ ലോപത്തിന് പ്രതിവിധിയായും ,ശുദ്ധീകരണത്തിനുമായി നടത്തുന്നതാന്ത്രിക അനുഷ്ഠാനമാണ് നവകം പൂജ. പഞ്ചഗവ്യ ശുദ്ധി വരുത്തി ബ്രഹ്മകലശത്തിലും, പരികലശങ്ങളിലുമായി ചൈതന്യ കലകളെ ആവാഹിച്ച് പരിപോഷിപ്പിച്ച് മൂര്‍ത്തീ ബിംബത്തിലേയ്ക്ക് അഭിഷേകം ചെയ്യപ്പെടുന്നു. ആത്മാര്‍പ്പണത്തോടെ ഈ വേളയില്‍ തൊഴുതു നില്‍ക്കുന്ന ഭക്തരുടെ സകല ദുരിതങ്ങളും ഇതോടെ ഇല്ലാതാവുന്നു.ഭക്തനും, ഭഗവതിയും, പ്രപഞ്ചവും ഇതിലൂടെ ചൈതന്യ ധന്യമാകുന്നു.
  ഭൈരവമൂര്‍ത്തിയ്ക്ക് ഗുരുതി
രാക്ഷസീയ ശക്തികളെ ഉന്മൂലനം ചെയ്യാന്‍ ശ്രീഭദ്രകാളിയ്ക്ക് പിന്നില്‍ ശിവഭൂതങ്ങളെ നയിച്ച് നിത്യവും ഭഗവതിയുടെ കാവല്‍ക്കാരനായി കുടികൊള്ളുന്നഭൈരവമൂര്‍ത്തിയെ പ്രസാദിപ്പിക്കുവാന്‍ വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന ചടങ്ങ്.ഉച്ചപൂജയ്ക്കു ശേഷംഭൈരവങ്കല്‍ പൂജ നടത്തി നവഖണ്ഡമായുണ്ടാക്കിയ പോളപ്പദത്തിലേക്ക് ഗുരുതി തര്‍പ്പണം നടത്തുന്ന ചടങ്ങ് ദര്‍ശിച്ചു തൊഴുന്നത് പകര്‍ച്ചവ്യാധികള്‍, മഹാവ്യാധികള്‍, ശത്രുദോഷം, ഗ്രഹപ്പിഴകള്‍,അപകടങ്ങള്‍,കൃഷി-കന്നുകാലിനാശം എന്നിവയില്‍നിന്നും സംരക്ഷണമുണ്ടാക്കുന്നതിന്ഉതകുന്നതാണ്
മകംനാള്‍ വലിയ ഗുരുതി
സര്‍വദേവതാ ഗണങ്ങളുടെയും ചൈതന്യവും ശക്തിയും ഉള്‍ക്കൊണ്ട് ആസുരശക്തികളെ ഉന്‍മൂലനം ചെയ്യാനും ഭക്തജനങ്ങലെ രക്ഷിയ്ക്കാനുമായി മഹാദേവന്റെ തൃക്കണ്ണില്‍ നിന്നുംസംഭൂതയായ ശ്രീഭദ്രകാളി,രക്തം ബീജമാക്കി ഓരോ തുള്ളിയില്‍ നിന്നും ഒരായിരമെന്ന നിലയില്‍ വളര്‍ന്നു വര്‍ദ്ധിച്ച രാക്ഷസരെ രക്തപാനം നടത്തിത്തന്നെ സംഹരിച്ചു എന്ന തത്വത്തില്‍ നിന്നുമാണ് ഗുരുതി എന്ന അനുഷ്ഠാനം ഉടലെടുത്തത്. വലിയഗുരുതിശ്രീഭദ്രകാളിയ്ക്കുനടത്തുന്ന പൂര്‍ണ്ണനിവേദ്യസമര്‍പ്പണമാണ്.
ശ്രീകോവിലിനു വടക്കുപുറത്ത് തയ്യാറാക്കുന്ന പന്തലില്‍ 64 ഖണ്ഡങ്ങളുള്ള പോളപ്പതം സജ്ജീകരിക്കുന്നു.അത്താഴപൂജയ്ക്കു ശേഷം ഭഗവതിയെ ശ്രീകോവിലില്‍ നിന്നും വാളിന്‍മേല്‍ ആവാഹിച്ച് പുറക്കളത്തിലേയ്ക്ക് എഴുന്നള്ളിച്ച് സപരിവാര പൂജയോടെ ഗുരുതി തര്‍പ്പണം നടത്തി ശ്രീകോവിലിലേയ്ക്ക് തിരിച്ച് എഴുന്നള്ളിയ്ക്കുന്നു.കേരളത്തില്‍ ചുരുക്കംക്ഷേത്രങ്ങളില്‍മാത്രംനടത്തിവരുന്നഒരുചടങ്ങാണ് വലിയഗുരുതി.ദോഷ,ദുരിതശമനം,രോഗമുക്തി,ബാധാമോചനം,ശത്രുദോഷനിവാരണം,ഭയമോചനം,കുടുംബരക്ഷ, ഉദ്ദിഷ്ഠകാര്യസിദ്ധി എന്നിവ ഈ കര്‍മ്മത്തില്‍ സന്നിഹിതരായിപ്രാര്‍ത്ഥിക്കുന്നതിലൂടെ കൈവരിക്കാവുന്നതാണ്.
പുഷ്പാഭിഷേകം
തിരുനല്ലൂര്‍സ്ഥാനത്ത് ഇദം പ്രഥമമായി നടക്കുന്ന ചടങ്ങാണ് പുഷ്പാഭിഷേകം.ദീപാരാധനയ്ക്കു ശേഷം ഭഗവതിയ്ക്കുള്ള അര്‍ച്ചനാ പുഷ്പങ്ങള്‍ കലശത്തില്‍ നിറച്ച്കലശം പത്മമിട്ടു പൂജിച്ച് ചൈതന്യ പൂര്‍ത്തീകരണം വരുത്തി എഴുന്നള്ളിച്ച്പൂക്കള്‍ ഭഗവതിയുടെ അര്‍ച്ചനാ ബിംബത്തില്‍ അഭിഷേകം ചെയ്യുന്നു.പുഷ്പാഭിഷേകത്തിനുള്ള പൂക്കള്‍ എത്തിച്ചു നല്‍കുന്നതും പുഷ്പാഞ്ജലി നടത്തിക്കുന്നതും പുഷ്പാഭിഷേക ചടങ്ങുകളില്‍ പങ്കുചേരുന്നതും സര്‍വവിധമായ ഐശ്വര്യങ്ങള്‍ക്കും നിദാനമാകുന്നതാണ്.


 

No comments:

Post a Comment